ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കയറു പിരിച്ചും മത്സ്യബന്ധനം നടത്തിയും മറ്റു അനുബന്ധ മേഖലകളില്‍ പണിയെടുത്തും ജീവിച്ചുപോരുന്നവരായിരുന്നു പരമ്പരാഗതമായി ഇവിടുത്തെ ജനങ്ങള്‍. ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്നതാണ് ഏറെ അത്ഭുതകരമായ വസ്തുത. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജ്യവിസ്തൃതിക്കായി പടയോട്ടം നടത്തുന്നതിനിടയില്‍ കായംകുളം രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ആ തോല്‍വിയിൽ നിന്നുണ്ടായ നൈരാശ്യവും വൈരാഗ്യവും മൂലം കായംകുളം രാജാവ് തന്റെ നാവികപ്പടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്നാണ് ഇതു സംബന്ധിച്ച ചരിത്രം. അങ്ങനെ നൂറുമേനി വിളയുന്ന കായലായി ഇവിടം രൂപാന്തരപ്പെട്ടു. ആറാട്ടുപുഴയുടെ ഭൂതകാലസാമൂഹ്യബന്ധം ഇന്നുള്ളതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പൌരാണിക കാലത്ത് ബ്രാഹ്മണരുടേയും മറ്റ് സവര്‍ണ്ണവിഭാഗക്കാരുടേയും ആവാസകേന്ദ്രമായിരുന്നു ഈ ഗ്രാമമെന്ന് ഇവിടുത്തെ സ്ഥലനാമങ്ങളും പഴമക്കാരുടെ മൊഴികളും ചരിത്രസൂചനകളും കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കും. ആയതിലേക്ക് വെളിച്ചം വീശുന്നവയാണ് പോരുമഠം, ഇല്ലത്തുകാട്, പുതുശ്ശേരിമഠം, മഠത്തില്‍ കിഴക്കതില്‍, പനയ്ക്കല്‍ എന്ന മനയ്ക്കല്‍, വട്ടപ്പറമ്പ് സ്വരൂപം എന്നിവയെല്ലാം. ഇവയൊക്കെ കടലുകയറി നശിച്ചു പോയിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. ഈ തീരഭൂമിയും ഇന്ന് കാണുന്ന അതിരില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം വരെ ഫലഭൂയിഷ്ഠമായ കരയായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. മാത്രമല്ല, ആറാട്ടുപുഴയിലെ പത്തിശ്ശേരി ഭദ്രകാളിക്ഷേത്രത്തിനു പടിഞ്ഞാറ് കമ്പോളവും തുറമുഖവും ഉണ്ടായിരുന്നുവെന്നത് ഒരു ചരിത്രവസ്തുതയാണ്. കറുത്ത പൊന്നും സുഗന്ധവ്യജ്ഞനങ്ങളും തേടി വിദേശീയരായ അറബികളും അവര്‍ക്കു പിന്നാലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ളീഷുകാരും ആറാട്ടുപുഴയിലെത്തിയിരുന്നു. കച്ചിക്കാരായ(ഗുജറാത്തിലെ കച്ച് പ്രദേശത്തുകാര്‍) സേട്ടുമാരും പണ്ടികശാലകള്‍ കെട്ടി കച്ചവടം നടത്തിയിരുന്നതായി ചരിത്രരേഖകളുമുണ്ട്. മാത്രമല്ല സ്വന്തം പടവുകള്‍(പാക്കപ്പലുകള്‍) ഉപയോഗിച്ചു വിദേശ രാജ്യങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്ന ഈഴവകുടുംബങ്ങളുടേയും മുസ്ളീംകുടുംബങ്ങളുടേയും താവഴികള്‍ ഇപ്പോഴും ആറാട്ടുപുഴയിലും പരിസരപ്രദേശങ്ങളിലും നിലനില്‍ക്കുന്നുണ്ട്. തിരുവിതാംകൂറിലെ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്ന രാജാകേശവദാസന്‍ ആലപ്പുഴയിൾ കടല്‍പാലം നിര്‍മ്മിച്ച് തുറമുഖം സ്ഥാപിക്കുന്നതിനായി ആറാട്ടുപുഴയില്‍ തമ്പടിച്ചിരുന്നു. ആലപ്പുഴയില്‍ തുറമുഖം വന്നതോടെ കച്ചിക്കാരായ സേട്ടുമാരെ അവിടം ആകര്‍ഷിക്കുകയും അവർ കൂട്ടത്തോടെ ഇവിടം വിട്ട് പുതിയ കച്ചവടകേന്ദ്രമായ ആലപ്പുഴയിലേക്ക് നീങ്ങുംവരെ ആറാട്ടുപുഴയുടെ പ്രശസ്തി നിലനിന്നിരുന്നു. അന്ന് വൈദേശികശില്പചാതുരിയില്‍ നിര്‍മ്മിക്കപ്പെട്ട മുസ്ളീംപള്ളി പില്‍ക്കാലത്ത് കടലെടുത്തു നശിച്ചുപോയി. എന്നാല്‍ കള്ളിക്കാട്ട് കാണുന്ന ക്രിസ്ത്യന്‍പള്ളി പഴമയുടെയും മതസൌഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ഇന്നും നിലനില്‍ക്കുന്നു. അതിന്റെ കിഴക്കുവശത്തുള്ള കടവിനെ പള്ളിക്കടവെന്നും വിളിച്ചുപോരുന്നു. ഒരുകാലത്ത് ആറാട്ടുപുഴയില്‍ പ്രതാപത്തോടെ വാണിരുന്ന പെരുമാൾ ചേകവരെന്ന് വിളിച്ചിരുന്ന ചെറുമാളച്ചന്റെ വലിയ കടവുവീട് കടലാക്രമണത്തില്‍ നശിച്ചുപോയത് 1912-ലാണ്. ആ വലിയകടവു കുടുംബാംഗമായ ആറാട്ടുപുഴ വേലായുധപണിക്കരെ ഇന്നാട്ടുകാര്‍ക്ക് മറക്കാനാവില്ല. അക്കാലത്ത് അവര്‍ണ്ണരുടെ മേൽ നിരവധി അന്യായനടപടികൾ സവര്‍ണ്ണർ അടിച്ചേല്‍പ്പിച്ചിരുന്നു. വൈക്കത്ത് പോയി താന്ത്രികവിദ്യ അഭ്യസിച്ച് മടങ്ങിവന്ന പണിക്കര്‍ മേല്‍പ്പറഞ്ഞ അനീതികള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആറാട്ടുപുഴ വടക്കേയറ്റത്ത് മംഗലം ദേശത്ത് ഒരു ക്ഷേത്രം പണിയിച്ച് ശിവനെ പ്രതിഷ്ഠിക്കുകയും സവര്‍ണ്ണര്‍ക്കെതിരെ വിപ്ലവകരമായ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കുടാതെ സവര്‍ണ്ണസ്ത്രീകളെ പോലെ മുട്ടിനു താഴെവരെ മറച്ചുകൊണ്ടു മുണ്ടുടുക്കുവാനും മാറുമറയ്ക്കാനും മുക്കൂത്തിയിടാനും അവര്‍ണ്ണസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പത്തിയൂരും പരിസരപ്രദേശങ്ങളിലും അവര്‍ണ്ണസ്ത്രീകളെ സംഘടിപ്പിച്ച് മുട്ടിനു താഴെ മുണ്ടുടുപ്പിച്ച് മാറു മറച്ച് മൂക്കൂത്തിയിടീപ്പിച്ചു കായംകുളത്തേക്ക് ജാഥ നയിച്ചതും പണിക്കര്‍ തന്നെയായിരുന്നു. ആറാട്ടുപുഴയിലെ അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ പടനായകനായിരുന്ന ഈ മഹാത്മാവിനെ 1049(എ.ഡി.1874) ധനുമാസം 24-ാം തീയതി അര്‍ദ്ധരാത്രിയില്‍ എതിരാളികള്‍ ആക്രമിക്കുകയും സംഘത്തിലുണ്ടായിരുന്ന സ്വന്തം ബന്ധു അദ്ദേഹത്തെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു. കഥകളിയുടെ രംഗത്തും ആറാട്ടുപുഴക്ക് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഈ രംഗത്ത് അറിയപ്പെടുന്ന കലാകാരന്മാരായിരുന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ കണ്ടത്തില്‍ വേലായുധന്‍, കറുത്തകൊച്ച് എന്നിവര്‍. ആറാട്ടുപുഴയില്‍ മംഗലത്തു നാമ്പെടുത്ത കഥകളിപ്രസ്ഥാനത്തെ പിന്‍പറ്റി തെക്കന്‍മേഖലയിലുള്ള ശ്രീകുറിയപ്പശ്ശേരി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളിയോഗം ഉണ്ടായിരുന്നു. കടല്‍ കയറി നശിച്ച പ്രസ്തുത ക്ഷേത്രത്തിന് 800 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവിതാകൂറിലെ ആദ്യ ജനകീയമന്ത്രിസഭയില്‍ അംഗമായിരുന്ന എ.അച്യുതന്‍, കൂടാതെ മാവനാല്‍ കുട്ടന്‍തമ്പി, പള്ളിക്കടവില്‍ ഡോ.പി.ആര്‍.പരമേശ്വരന്‍, പെരുമ്പള്ളി സി.എ.ഗംഗാധരന്‍, മണിവേലിക്കുളത്തില്‍ എം.കെ.കരുണാകരന്‍, കൊച്ചുതെക്കതില്‍ എം.കെ.ഭാസ്കരന്‍, കള്ളിക്കാട് കാട്ടില്‍ കേശവന്‍, ആറാട്ടുപുഴ തയ്യില്‍ കിഴക്കതില്‍ ഉമ്മര്‍കുട്ടി, റ്റി.കെ.ദിവാകരന്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തവരില്‍ പെടുന്നു. ആറാട്ടുപുഴ പഞ്ചായത്ത് നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇവിടെ വില്ലേജുയൂണിയനായിരുന്നു ഉണ്ടായിരുന്നത്. റ്റി.എന്‍.നാരായണന്‍ ആയിരുന്നു വില്ലേജുയൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്. കെ.ജി.നാരായണന്‍ ആയിരുന്നു പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ്.
ആറാട്ടുപുഴ പൊതു വിവരം
ആലപ്പുഴ ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് കായംകുളം കായലിന്റെ പടിഞ്ഞാറും കിഴക്കുമുള്ള ഇരുകരകളിലുമായി 13.8 കിലോമീറ്റര്‍ തെക്കുവടക്ക് നീളത്തില്‍ ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ വില്ലേജുള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ലി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോകസഭാമണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. 22.70 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഓഫീസ് ആസ്ഥാനം ആറാട്ടുപുഴ വെട്ടത്തുകടവ് സ്ഥിതി ചെയ്യുന്നു. എ-ഗ്രേഡ് പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കായലിന്റെയും കടലിന്റെയും ഇടയിലായി പടിഞ്ഞാറേക്കരയില്‍ വല്ല്യഴീക്കല്‍ മുതല്‍ മംഗലം വരെയും, കിഴക്കേകരയില്‍ കിളിമുക്ക് മുതല്‍ മൂണ്ടുകാടു വരേയും വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി മുറിക്കുന്നു. വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്കുഭാഗത്ത് കായംകുളം പൊഴിയും പടിഞ്ഞാറുഭാഗത്ത് അറബിക്കടലും പഞ്ചായത്തിന്റെ അതിരുകളായി സ്ഥിതി ചെയ്യുന്നു. 12-ആം ശതകത്തിലോ 13-ആം ശതകത്തിലോ കടലില്‍ ആണ്ടുപോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ, ആറാട്ടു നടന്നിരുന്ന പവിത്രസ്ഥാനമായിരുന്ന പ്രദേശമായിരുന്നതിനാലാണ് ആറാട്ടുപുഴയെന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.