കാഴ്ച്ചപാടും ദൌത്യങ്ങളും
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ മാറ്റത്തിന്റെ തുടക്കം എല്ലാ മേഖലയിലും പ്രകടമാണ്. . പഞ്ചായത്തിന്റെ അടിസ്ഥാന സൌകര്യം, ഉത്പാദന മേഖല, സേവന മേഖല, അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനം എന്ന ലക്ഷ്യത്തിലേക്കെത്താൻ സമഗ്രമായ വികസന കാഴ്ചപ്പാടാണ് ആസൂത്രണം ചെയ്യുന്നത്.
കടലിനും കായലിനും ഇടയില്‍ ഒരു ദ്വീപ് പോലെ 15 കി.മീ നീളത്തിലും ഏകദേശം 500കി.മീ വീതിയിലും കാണപ്പെടുന്ന പഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സമായി നില്‍ക്കുന്നത് തീരദേശ പരിപാലനനിയമത്തിന്‍റെ നൂലാമാലകളാണ്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമായിട്ടുകൂടി തീരദേശ പരിപാലന നിയമത്തിന്‍റെ നിയന്ത്രണം മൂലം പല പദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയാത്ത ഒരു അവസ്ഥ പഞ്ചായത്ത് പ്രദേശത്ത് നിലനിൽക്കുന്നു ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമിയും ഭവനവും നൽകുന്നതിനുള്ള പദ്ധതിയുടെ നിർവ്വഹണവും ഈ രീതിയിലുള്ള തടസ്സം കാരണം നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ആയത്കൊണ്ട്തന്നെ തീരദേശ പരിപാലന നിയമം ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ZONE III B യിൽ നിന്നും ZONE III A യിലേക്ക് മാറ്റുന്നതിനുളള പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുത്ത് കഴിഞ്ഞു. വരും കാലങ്ങളിൽ ആയതിന് വേണ്ടിയുളള പരിശ്രമത്തിലായിരിക്കും മുന്നോട്ടുളള പ്രയാണം.
സാധാരണ ജനവിഭാഗത്തെ സാമ്പത്തിക ഉന്നമനത്തിന് ആക്കം കൂട്ടി മികച്ച സാമ്പത്തിക അടിത്തറ പ്രദേശത്ത് നൽകുന്നതിന് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതോടെ ലക്ഷ്യംകണ്ടതാണ്. ഈ പദ്ധതിയിലൂടെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും 100 ദിനം തൊഴിൽ നൽകുന്നതിനുളള ശ്രമങ്ങളും, കുട്ടികള്‍, വൃദ്ധർ, അഗതികൾ ഭിന്നശേഷിക്കാർ, പട്ടികജാതി പട്ടികവര്‍ഗ്ഗത്തിൽ ഉള്‍പ്പെട്ടവർ, സ്ത്രീകൾ എന്നിവരുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള ധനവിനിയോഗവും പരിപാടികളും സുതാര്യമാക്കി ഈ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണം സ്വയം പര്യാപ്ത സംരംഭങ്ങള്‍ എന്നിവയ്ക്ക് ഊന്നൽ നല്‍കികൊണ്ട് കുടുംബശ്രീ മിഷൻ നമ്മുടെ പഞ്ചായത്തിൽ വളരെ മികവോടുകൂടി തുടർന്നും പ്രവര്‍ത്തിക്കുന്നതിന് ഈ ഭരണ സമിതിയുടെ കാലഘടത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ്., പാലിയേറ്റീവ് കെയർ പദ്ധതി, മാലിന്യ മുക്ത നവകേരളം പദ്ധതി, ഡിജി കേരളം2.0 പദ്ധതി, വിഞ്ജാന കേരളം പദ്ധതി എന്നിവ കൂടുതൽ കാര്യക്ഷമതയോടുകൂടി കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കാൻ ഭരണ സമിതി ശ്രമിക്കുന്നതാണ്.
ടൂറിസം മേഖലയിൽ അനന്ത സാധ്യതയുളള പഞ്ചയാത്താണ് നമ്മുടേത്. കായൽ, കടൽ അഡ്വൻഞ്ചർ ടൂറിസം വരും വർഷങ്ങളിൽ മികവുറ്റ രീതിയിൽ ആരംഭിച്ച് ഇന്ത്യയുടേയും കേരളത്തിലേയും ടൂറിസം മാപ്പിൽ ഒരു തിലകച്ചാർത്തായി മാറാൻ ആറാട്ടുപുഴ ശ്രമിക്കുന്നതായിരിക്കും. പൊതുധനം അര്‍ഹരായവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലും, ഫലവത്താവുന്ന രീതിയിലും ചെലവഴിയ്ക്കുന്നതിനും, പ്രകൃതിയുടെ ജൈവഘടനയ്ക്ക് വിഘാതം സൃഷ്ടിക്കാതെ ജലസ്രോതസ്സുകളും കാര്‍ഷിക വിഭവങ്ങളും നിറഞ്ഞ ഹരിതാഭമായ പഞ്ചായത്തായി ആറാട്ടുപുഴയെ മാറ്റുന്നതിന് ജനങ്ങൾ ഈ ഭരണ സമിതിയ്ക്ക് നൽകിയ അംഗീകാരം ഉത്തരവാദിത്തതോടും കർമ്മനിർഭരവുമായി ഓരോ പൌരന്റെയും വികസനത്തിലൂന്നിയ കാഴ്ച്ചപ്പാടോട് കൂടി മുന്നോട്ട് പോകുക എന്നതാണ് ലക്ഷ്യം