ചരിത്രം

ചരിത്രം

കയറു പിരിച്ചും മത്സ്യബന്ധനം നടത്തിയും മറ്റു അനുബന്ധ മേഖലകളില്‍ പണിയെടുത്തും ജീവിച്ചുപോരുന്നവരായിരുന്നു പരമ്പരാഗതമായി ഇവിടുത്തെ ജനങ്ങള്‍. ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്നതാണ് ഏറെ അത്ഭുതകരമായ വസ്തുത. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജ്യവിസ്തൃതിക്കായി പടയോട്ടം നടത്തുന്നതിനിടയില്‍ കായംകുളം രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ആ തോല്‍വിയിൽ നിന്നുണ്ടായ നൈരാശ്യവും വൈരാഗ്യവും മൂലം കായംകുളം രാജാവ് തന്റെ നാവികപ്പടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം നശിപ്പിച്ചുവെന്നാണ് ഇതു സംബന്ധിച്ച ചരിത്രം. അങ്ങനെ നൂറുമേനി വിളയുന്ന കായലായി ഇവിടം രൂപാന്തരപ്പെട്ടു. ആറാട്ടുപുഴയുടെ ഭൂതകാലസാമൂഹ്യബന്ധം ഇന്നുള്ളതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പൌരാണിക കാലത്ത് ബ്രാഹ്മണരുടേയും മറ്റ് സവര്‍ണ്ണവിഭാഗക്കാരുടേയും ആവാസകേന്ദ്രമായിരുന്നു ഈ ഗ്രാമമെന്ന് ഇവിടുത്തെ സ്ഥലനാമങ്ങളും പഴമക്കാരുടെ മൊഴികളും ചരിത്രസൂചനകളും കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കും. ആയതിലേക്ക് വെളിച്ചം വീശുന്നവയാണ് പോരുമഠം, ഇല്ലത്തുകാട്, പുതുശ്ശേരിമഠം, മഠത്തില്‍ കിഴക്കതില്‍, പനയ്ക്കല്‍ എന്ന മനയ്ക്കല്‍, വട്ടപ്പറമ്പ് സ്വരൂപം എന്നിവയെല്ലാം. ഇവയൊക്കെ കടലുകയറി നശിച്ചു പോയിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. ഈ തീരഭൂമിയും ഇന്ന് കാണുന്ന അതിരില്‍ നിന്നും കിലോമീറ്ററുകള്‍ക്കപ്പുറം വരെ ഫലഭൂയിഷ്ഠമായ കരയായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. മാത്രമല്ല, ആറാട്ടുപുഴയിലെ പത്തിശ്ശേരി ഭദ്രകാളിക്ഷേത്രത്തിനു പടിഞ്ഞാറ് കമ്പോളവും തുറമുഖവും ഉണ്ടായിരുന്നുവെന്നത് ഒരു ചരിത്രവസ്തുതയാണ്. കറുത്ത പൊന്നും സുഗന്ധവ്യജ്ഞനങ്ങളും തേടി വിദേശീയരായ അറബികളും അവര്‍ക്കു പിന്നാലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ളീഷുകാരും ആറാട്ടുപുഴയിലെത്തിയിരുന്നു. കച്ചിക്കാരായ(ഗുജറാത്തിലെ കച്ച് പ്രദേശത്തുകാര്‍) സേട്ടുമാരും പണ്ടികശാലകള്‍ കെട്ടി കച്ചവടം നടത്തിയിരുന്നതായി ചരിത്രരേഖകളുമുണ്ട്. മാത്രമല്ല സ്വന്തം പടവുകള്‍(പാക്കപ്പലുകള്‍) ഉപയോഗിച്ചു വിദേശ രാജ്യങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്ന ഈഴവകുടുംബങ്ങളുടേയും മുസ്ളീംകുടുംബങ്ങളുടേയും താവഴികള്‍ ഇപ്പോഴും ആറാട്ടുപുഴയിലും പരിസരപ്രദേശങ്ങളിലും നിലനില്‍ക്കുന്നുണ്ട്. തിരുവിതാംകൂറിലെ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്ന രാജാകേശവദാസന്‍ ആലപ്പുഴയിൾ കടല്‍പാലം നിര്‍മ്മിച്ച് തുറമുഖം സ്ഥാപിക്കുന്നതിനായി ആറാട്ടുപുഴയില്‍ തമ്പടിച്ചിരുന്നു. ആലപ്പുഴയില്‍ തുറമുഖം വന്നതോടെ കച്ചിക്കാരായ സേട്ടുമാരെ അവിടം ആകര്‍ഷിക്കുകയും അവർ കൂട്ടത്തോടെ ഇവിടം വിട്ട് പുതിയ കച്ചവടകേന്ദ്രമായ ആലപ്പുഴയിലേക്ക് നീങ്ങുംവരെ ആറാട്ടുപുഴയുടെ പ്രശസ്തി നിലനിന്നിരുന്നു. അന്ന് വൈദേശികശില്പചാതുരിയില്‍ നിര്‍മ്മിക്കപ്പെട്ട മുസ്ളീംപള്ളി പില്‍ക്കാലത്ത് കടലെടുത്തു നശിച്ചുപോയി. എന്നാല്‍ കള്ളിക്കാട്ട് കാണുന്ന ക്രിസ്ത്യന്‍പള്ളി പഴമയുടെയും മതസൌഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ഇന്നും നിലനില്‍ക്കുന്നു. അതിന്റെ കിഴക്കുവശത്തുള്ള കടവിനെ പള്ളിക്കടവെന്നും വിളിച്ചുപോരുന്നു. ഒരുകാലത്ത് ആറാട്ടുപുഴയില്‍ പ്രതാപത്തോടെ വാണിരുന്ന പെരുമാൾ ചേകവരെന്ന് വിളിച്ചിരുന്ന ചെറുമാളച്ചന്റെ വലിയ കടവുവീട് കടലാക്രമണത്തില്‍ നശിച്ചുപോയത് 1912-ലാണ്. ആ വലിയകടവു കുടുംബാംഗമായ ആറാട്ടുപുഴ വേലായുധപണിക്കരെ ഇന്നാട്ടുകാര്‍ക്ക് മറക്കാനാവില്ല. അക്കാലത്ത് അവര്‍ണ്ണരുടെ മേൽ നിരവധി അന്യായനടപടികൾ സവര്‍ണ്ണർ അടിച്ചേല്‍പ്പിച്ചിരുന്നു. വൈക്കത്ത് പോയി താന്ത്രികവിദ്യ അഭ്യസിച്ച് മടങ്ങിവന്ന പണിക്കര്‍ മേല്‍പ്പറഞ്ഞ അനീതികള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആറാട്ടുപുഴ വടക്കേയറ്റത്ത് മംഗലം ദേശത്ത് ഒരു ക്ഷേത്രം പണിയിച്ച് ശിവനെ പ്രതിഷ്ഠിക്കുകയും സവര്‍ണ്ണര്‍ക്കെതിരെ വിപ്ലവകരമായ  പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കുടാതെ സവര്‍ണ്ണസ്ത്രീകളെ പോലെ മുട്ടിനു താഴെവരെ മറച്ചുകൊണ്ടു മുണ്ടുടുക്കുവാനും മാറുമറയ്ക്കാനും മുക്കൂത്തിയിടാനും അവര്‍ണ്ണസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പത്തിയൂരും പരിസരപ്രദേശങ്ങളിലും അവര്‍ണ്ണസ്ത്രീകളെ സംഘടിപ്പിച്ച് മുട്ടിനു താഴെ മുണ്ടുടുപ്പിച്ച് മാറു മറച്ച് മൂക്കൂത്തിയിടീപ്പിച്ചു കായംകുളത്തേക്ക് ജാഥ നയിച്ചതും പണിക്കര്‍ തന്നെയായിരുന്നു. ആറാട്ടുപുഴയിലെ അധ:സ്ഥിതവര്‍ഗ്ഗത്തിന്റെ പടനായകനായിരുന്ന ഈ മഹാത്മാവിനെ 1049(എ.ഡി.1874) ധനുമാസം 24-ാം തീയതി അര്‍ദ്ധരാത്രിയില്‍ എതിരാളികള്‍ ആക്രമിക്കുകയും സംഘത്തിലുണ്ടായിരുന്ന സ്വന്തം ബന്ധു അദ്ദേഹത്തെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു. കഥകളിയുടെ രംഗത്തും ആറാട്ടുപുഴക്ക് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. ഈ രംഗത്ത് അറിയപ്പെടുന്ന കലാകാരന്മാരായിരുന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ കണ്ടത്തില്‍ വേലായുധന്‍, കറുത്തകൊച്ച് എന്നിവര്‍. ആറാട്ടുപുഴയില്‍ മംഗലത്തു നാമ്പെടുത്ത കഥകളിപ്രസ്ഥാനത്തെ പിന്‍പറ്റി തെക്കന്‍മേഖലയിലുള്ള ശ്രീകുറിയപ്പശ്ശേരി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളിയോഗം ഉണ്ടായിരുന്നു. കടല്‍ കയറി നശിച്ച പ്രസ്തുത ക്ഷേത്രത്തിന് 800 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവിതാകൂറിലെ ആദ്യ ജനകീയമന്ത്രിസഭയില്‍ അംഗമായിരുന്ന എ.അച്യുതന്‍, കൂടാതെ മാവനാല്‍ കുട്ടന്‍തമ്പി, പള്ളിക്കടവില്‍ ഡോ.പി.ആര്‍.പരമേശ്വരന്‍, പെരുമ്പള്ളി സി.എ.ഗംഗാധരന്‍, മണിവേലിക്കുളത്തില്‍ എം.കെ.കരുണാകരന്‍, കൊച്ചുതെക്കതില്‍ എം.കെ.ഭാസ്കരന്‍, കള്ളിക്കാട് കാട്ടില്‍ കേശവന്‍, ആറാട്ടുപുഴ തയ്യില്‍ കിഴക്കതില്‍ ഉമ്മര്‍കുട്ടി, റ്റി.കെ.ദിവാകരന്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തവരില്‍ പെടുന്നു. ആറാട്ടുപുഴ പഞ്ചായത്ത് നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇവിടെ വില്ലേജുയൂണിയനായിരുന്നു ഉണ്ടായിരുന്നത്. റ്റി.എന്‍.നാരായണന്‍ ആയിരുന്നു വില്ലേജുയൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്. കെ.ജി.നാരായണന്‍ ആയിരുന്നു പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ്.

 

ആറാട്ടുപുഴ പൊതു വിവരം

ആലപ്പുഴ ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് കായംകുളം കായലിന്റെ പടിഞ്ഞാറും കിഴക്കുമുള്ള ഇരുകരകളിലുമായി 13.8 കിലോമീറ്റര്‍ തെക്കുവടക്ക് നീളത്തില്‍ ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ വില്ലേജുള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ലി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോകസഭാമണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. 22.70 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഓഫീസ് ആസ്ഥാനം ആറാട്ടുപുഴ വെട്ടത്തുകടവ് സ്ഥിതി ചെയ്യുന്നു. എ-ഗ്രേഡ് പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കായലിന്റെയും കടലിന്റെയും ഇടയിലായി പടിഞ്ഞാറേക്കരയില്‍ വല്ല്യഴീക്കല്‍ മുതല്‍ മംഗലം വരെയും, കിഴക്കേകരയില്‍ കിളിമുക്ക് മുതല്‍ മൂണ്ടുകാടു വരേയും വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി മുറിക്കുന്നു. വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്കുഭാഗത്ത് കായംകുളം പൊഴിയും പടിഞ്ഞാറുഭാഗത്ത് അറബിക്കടലും പഞ്ചായത്തിന്റെ അതിരുകളായി സ്ഥിതി ചെയ്യുന്നു. 12-ആം ശതകത്തിലോ 13-ആം ശതകത്തിലോ കടലില്‍ ആണ്ടുപോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ, ആറാട്ടു നടന്നിരുന്ന പവിത്രസ്ഥാനമായിരുന്ന പ്രദേശമായിരുന്നതിനാലാണ് ആറാട്ടുപുഴയെന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.

 

 

 

 

ഭൂപ്രകൃതി

ആലപ്പുഴ ജില്ലയുടെ തെക്കേയറ്റയത്ത്  അറബി കടലിനോട് ചേര്‍ന്നു കിടക്കുന്ന ഈ പഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി വിഭജിക്കുന്നു. കായലിന് പടിഞ്ഞാറ് 9 വാര്‍ഡുകളും കിഴക്ക് 4 വാര്‍ഡുകളും എന്ന വിധത്തിലാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. വടക്ക് തൃക്കുന്നപ്പുഴ പഞ്ചായത്തും, കിഴക്ക് കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്ക് കായംകുളം പൊഴിയും പടിഞ്ഞാറ് അറബിക്കടലും പഞ്ചായത്തിന്റെ അതിരുകളായി സ്ഥിതി ചെയ്യുന്നു. കാര്‍ത്തികപ്പള്ളി വരെയും കുട്ടനാട്ടില്‍ കൂടി തൃക്കുന്നപ്പുഴ വഴിയും പമ്പാനദിയുടെ ഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് കായംകുളം കായലിലൂടെ അറബിക്കടലില്‍ പതിക്കുന്നു. കടലിന്റെ സമീപ്യംകൊണ്ട് ഏറിയ കാലവും ഈ കായലില്‍ ഉപ്പുവെള്ളമാണ്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും കക്കവാരല്‍ തൊഴിലാളികളുടേയും ആശാകേന്ദ്രമാണ് ഈ പ്രദേശങ്ങള്‍. കടല്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന ഭാഗം മണല്‍പ്രദേശവും കായലിനോട് ചേര്‍ന്ന ഭാഗം ചെളിയും മണലും കലര്‍ന്ന പ്രദേശവുമാണ്. ആയതിനാല്‍ തെങ്ങുകൃഷിക്ക് ഇവിടം പ്രസിദ്ധമാണ്. പൊതുവേ സമതലപ്രദേശമാണെങ്കിലും  കടല്‍ത്തീരം താരതമ്യേന ഉയര്‍ന്നുനില്‍ക്കുന്നു. തോടുകളും കായലുകളും മറ്റ് ജലസ്രോതസ്സുകളും ഉള്ളതിനാല്‍  വരള്‍ച്ച ഒരു പ്രധാനപ്രശ്നമല്ല. മുഖ്യകൃഷി തെങ്ങാണ്. ഇടവിളയായി കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, വാഴ എന്നിവ കൃഷി ചെയ്യുന്നു. പഴയകാലത്ത് മുഖ്യ ജീവനോപാധി മത്സ്യബന്ധനവും കയര്‍ വ്യവസായവും കൃഷിയും അനുബന്ധതൊഴിലുകളുമായിരുന്നു. ഗ്രാമത്തിന്റെ ആകെ വിസ്തീര്‍ണ്ണം 2130 ഹെക്ടര്‍ ആണ്. ഇതില്‍ 1647 ഹെക്ടര്‍ പുരയിടവും, കൃഷിയോഗ്യമായ 130 ഹെക്ടര്‍ തരിശുഭൂമിയും, 230 ഹെക്ടര്‍ പുറമ്പോക്ക് കൈവശഭൂമിയും കൃഷിയോഗ്യമല്ലാത്ത 76 ഹെക്ടര്‍ ഭൂമിയും 47 ഹെക്ടര്‍ മുണ്ടകയും നിലവിലുണ്ട്. പഞ്ചായത്തിലെ ഭൂമി പൊതുവെ സമനിരപ്പാണ്. പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ വല്ല്യഴീക്കലാണ് പൊഴി സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ കിഴക്കുഭാഗം സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ താഴെയും പടിഞ്ഞാറുഭാഗം 1 മുതല്‍ 2 വരെ മീറ്റര്‍ ഉയരത്തിലുമാണ്. കായലിനും കടലിനുമിടയില്‍ ഉണ്ടായിരുന്ന ഭൂപ്രദേശത്തിന്റെ വീതി മുക്കാല്‍ നൂറ്റാണ്ടു മുമ്പ് ഉദ്ദേശ്യം രണ്ടു കിലോമീറ്ററില്‍ അധികമായിരുന്നു. കൃഷിയിടം കഴിഞ്ഞ് കൈതക്കാടുകളും അടമ്പി, കടമുള്ളി, കള്ളിമുള്‍ച്ചെടി, ഇടവിട്ട് കൊച്ചുകൊച്ചു മണ്‍കുന്നുകള്‍, ചെറിയതോടുകള്‍ എന്നിവയും ഈ തീരഭൂമിക്ക് ചാരുതയേകുന്നു.

അടിസ്ഥാനമേഖലകള്‍

പഞ്ചായത്തിലെ 50%-ത്തിലേറെ കുടുംബങ്ങള്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു.വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവർ പരമ്പരാഗതമായി ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. കടലില്‍ മത്സ്യബന്ധനം നടത്തുന്നവർ പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ എന്നും, കായലിലും ഉള്‍നാടൻ ജലാശയങ്ങളിലും പണിയെടുക്കുന്നവര്‍ ഉള്‍നാടൻ മത്സ്യത്തൊഴിലാളികളെന്നും അറിയപ്പെടുന്നു. യന്ത്രവല്‍ക്കൃതമത്സ്യബന്ധനം, ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. കോരുവല, നീട്ടുവല, വട്ടവല, വീശുവല, ചാട്ടവെള്ളം, വിരളി, ചീനവല, കുറ്റിവല എന്നിവ ഉള്‍നാടന്‍ മത്സ്യബന്ധനോപാധികളാണ്. റ്റി.കെ.എം.എം.കോളേജും(നങ്ങ്യാര്‍കുളങ്ങര), കായംകുളം എം.എസ്.എം.കോളേജുമാണ് ആറാട്ടുപുഴയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഉന്നതവിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങൾ. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആറാട്ടുപുഴ എം.എല്‍.പി.സ്കൂളാണ്. 1951-52 കാലത്ത് സ്ഥാപിക്കപ്പെട്ട മംഗലം ഗവ:ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍. പഞ്ചായത്തില്‍ 2 ഹൈസ്കൂളും, 2 യു.പി സ്കൂളുകളും, 5 എല്‍.പി.സ്കൂളുകളും, മംഗലം ഗവ.എല്‍.പി.സ്കൂളിനോട് ചേര്‍ന്ന് ഒരു പ്രീ-പ്രൈമറി വിദ്യാലയവുമാണുള്ളത്. 40 അംഗന്‍വാടികളും ഈ പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നു. 2 ഹൈസ്കൂളുകളും 2 എല്‍.പി.സ്കൂളൂകളും ഒഴികെയുള്ള സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയിലാണ്. റോഡു ഗതാഗതത്തിന്റെ വരവിന് മുമ്പ് ജലഗതാഗതമാര്‍ഗ്ഗമാണ് നാട്ടില്‍ നിലനിന്നിരുന്നത്. യാത്രയ്ക്കും, ചരക്കു ഗതാഗതത്തിനും ജലമാര്‍ഗ്ഗഗതാഗത്തിനെയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് അത് പാടെ ഉപേക്ഷിച്ച മട്ടിലാണ്. റോഡ് ഗതാഗതത്തിന് പഞ്ചായത്തില്‍ ആദ്യം നിര്‍മ്മിച്ചത് തൃക്കുന്നപ്പുഴ-വലിയഴീക്കൽ  റോഡാണ്. ഈ റോഡ് കടലാക്രമണം മൂലം നിരവധി തവണ നഷ്ടപ്പെടുകയുണ്ടായി. ആറാട്ടുപുഴ പഞ്ചായത്തിന്റെ ഗതകാലസ്മരണയില്‍ ഒരു ചെറിയ തുറമുഖനഗരവും അതിനോടനുബന്ധിച്ചുള്ള പണ്ടകശാലകളും വ്യവസായികസമൂഹവും നിറഞ്ഞുനില്‍ക്കുന്നു. കയര്‍ വ്യവസായവും മത്സ്യവ്യവസായവും ആദ്യകാലത്ത് പരമ്പരാഗതത വ്യവസായങ്ങളുടെ രൂപത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ കയര്‍ വ്യവസായം തന്നെ ചെറുകിടയൂണിറ്റുകളായി തരംതിരിച്ചാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. ചെറുകിടഉല്‍പ്പാദകരെന്ന നിലയിൽ മുന്നോ നാലോ റാട്ടുകള്‍ ഉപയോഗിച്ചുള്ള കയർ ഉല്പാദനമാണ് നടക്കുന്നത്. കയര്‍ രംഗത്ത് പണിയെടുക്കുന്ന 20% തൊഴിലാളികൾ മാത്രമേ സഹകരണസംഘങ്ങളില്‍ പണിയെടുക്കുന്നുള്ളൂ. ഈ പഞ്ചായത്തില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന നിരവധി കയർ സഹകരണ-സംഘങ്ങളുണ്ട്.

സംസ്കാരം

ആറാട്ടുപുഴയില്‍ പൌരാണികകാലം മുതല്‍ തന്നെ ഒരു സംസ്കാരം വളര്‍ന്നുവന്നിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍ ലോകപ്രശസ്ത സംസ്കാരമായ സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന സിന്ധില്‍ നിന്ന് കുടിയേറി പാര്‍ത്തിരുന്നവര്‍ ആയിരുന്നു എന്ന് കാണാവുന്നതാണ്. ഇവരുടെ പിന്‍ഗാമികള്‍ ആറാട്ടുപുഴയിലെ ഫലഭൂയിഷ്ഠമായ പ്രദേശത്ത് കൃഷി ചെയ്തുകൊണ്ട് സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍ അഭിവൃദ്ധി നേടി. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെയുണ്ടായിരുന്ന തുറമുഖം വഴി അറബികള്‍ കച്ചവടം നടത്തിവന്നിരുന്നത്. ഇത് ആറാട്ടുപുഴയുടെ സാംസ്കാരികപാരമ്പര്യം വൈദേശികവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതിന് തെളിവാണ്. കേരളചരിത്രത്തില്‍ ജാതിയതയേയും അതുവഴിയുള്ള അന്ധവിശ്വാസത്തേയും ആദ്യമായി ചോദ്യം ചെയ്തുകൊണ്ടു പുതിയൊരു നാവോത്ഥാനത്തിന് തുടക്കം കുറിച്ച ആറാട്ടുപുഴ വേലായുധ പണിക്കര്‍ക്കും പ്രചോദനമായി ഭവിച്ചതും ഒരുപക്ഷെ ഈ സാംസ്കാരികാന്തര്‍ധാരയാവാം. ഇതിനെല്ലാം ആധാരമായി നില്‍ക്കുന്നത് ഇന്നാട്ടിലെ കലാലയങ്ങളും, ഗ്രന്ഥശാലകളും, കലാ-കായിക സംഘടനകളുമുള്‍പ്പെട്ട സാംസ്കാരികസ്ഥാപനങ്ങളുടെ സ്വാധീനമാവാം. നൂറു ശതമാനവും സാക്ഷരത നേടിയതാണ് കേരളത്തിലെ ഈ കൊച്ചു ഗ്രാമം. രണ്ട് ഹൈസ്കുളൂകളും രണ്ട് യു.പി സ്കൂളുകളും അഞ്ച് എല്‍.പി. സ്കൂളുകളും 10 ഗ്രന്ഥശാലകളും 50-ന്  മേല്‍ കലാ-കായിക സംഘടനകളും ഉള്ള പഞ്ചായത്താണിത്. പ്രകൃതിയോടിണങ്ങിനില്ക്കുന്ന ജീവിതചര്യയുടെ പ്രചാരകനും അധ്യാപകനും ചിന്തകനുമായ പ്രൊഫസര്‍ സിദ്ധാര്‍ത്ഥന്‍ ഈ ഗ്രാമത്തിന്റെ സംഭാവനയാണ്.